വത്തിക്കാൻ സിറ്റി: ആണവോർജം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കണം അതിന്റെ ഉപയോഗമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40-ാം വാർഷികദിനം അനുസ്മരിച്ചായിരുന്നു മാർപാപ്പയുടെ ആഹ്വാനം.
ചെർണോബിൽ ദുരന്തത്തിന്റെ ഇരകളെയും അതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന എല്ലാവരെയും ദൈവത്തിന്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. ആണവോർജം സംബന്ധിച്ച് വിവേചനബുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും കഴിയണം. അങ്ങനെ ആണവോർജത്തിന്റെ ഓരോ ഉപയോഗവും ജീവിതത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിനായിരിക്കട്ടേയെന്ന് ഞാൻ ആഗ്രഹിക്കുന്നു-മാർപാപ്പ പറഞ്ഞു.
കള്ളന്മാർ നിങ്ങളുടെ സന്തോഷവും സമാധാനവും കവർന്നെടുക്കാൻ അനുവദിക്കരുതെന്നു വ്യക്തമാക്കിയ മാർപാപ്പ, വർധിച്ചുവരുന്ന ശക്തമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളും മുന്നിൽക്കാണണമെന്നും ഓർമിപ്പിച്ചു.
സാർവത്രിക സഭ ദൈവവിളികൾക്കായുള്ള പ്രാർഥനാദിനം ആചരിച്ച ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധകുർബാന മധ്യേ ലെയോ പതിനാലാമൻ മാർപാപ്പ കൈവയ്പ് ശുശ്രൂഷയിലൂടെ പത്തു ഡീക്കന്മാർക്കു പൗരോഹിത്യം നൽകി.
പൗരോഹിത്യം കൂട്ടായ്മയുടെ ശുശ്രൂഷയാണെന്നും ഈശോമിശിഹായുമായുള്ള അടുത്ത ബന്ധം വൈദികരെ മറ്റുള്ളവരിൽനിന്ന് അകറ്റുന്നില്ല മറിച്ച് എല്ലാ ആളുകളുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി. കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിന്റെ ദാസന്മാരായി തങ്ങളെത്തന്നെ കാണാൻ നവവൈദികരോട് അഭ്യർഥിച്ച മാർപാപ്പ, ഐക്യം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും വിശ്വാസത്തിലേക്ക് അടുക്കാൻ ശ്രമിക്കുന്നവരുടെ വഴിയിൽ തടസങ്ങൾ സൃഷ്ടിക്കരുതെന്നും ഓർമിപ്പിച്ചു.